Kerala
കാഞ്ഞങ്ങാട്: റെയിൽപാളത്തിൽ നിൽക്കുന്ന ഫോട്ടോ പെൺസുഹൃത്തിന് അയച്ചുനൽകിയ ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു.
ഷൊർണൂർ കൈലിയാട് സ്വദേശി അഭിഷേകിനെയാണ് (19)കാഞ്ഞങ്ങാടിനു സമീപം മാണിക്കോത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി10 ഓടെയായിരുന്നു സംഭവം.
വിവാഹവീടുകളിൽ ലൈറ്റ് ആൻഡ് സൗണ്ട് ഒരുക്കുന്ന ജോലിയുമായി ബന്ധപ്പെട്ടാണ് കാഞ്ഞങ്ങാട്ടെത്തിയിരുന്നത്. ഇത്തരം ജോലികൾക്ക് കരാർ എടുക്കുന്ന പട്ടാമ്പിയിലെ സ്ഥാപനത്തിനു കീഴിലാണ് അഭിഷേക് ജോലിചെയ്തിരുന്നത്.
ഇയാൾ റെയിൽപാളത്തിൽ നിൽക്കുന്ന ഫോട്ടോ അയച്ചുകിട്ടിയ ഉടൻതന്നെ പെൺകുട്ടി അത് പട്ടാമ്പിയിലെ സ്ഥാപന ഉടമയ്ക്ക് അയച്ചുനൽകിയിരുന്നു. അദ്ദേഹം പെട്ടെന്നുതന്നെ അത് കാഞ്ഞങ്ങാട്ടെ ഹോട്ടൽമുറിയിൽ അഭിഷേകിനൊപ്പം താമസിച്ചിരുന്ന മാനേജർക്ക് അയച്ചുനൽകിയെങ്കിലും മാനേജർ അഭിഷേകിനെ വിളിക്കുമ്പോഴേക്കും അപകടം നടന്നുകഴിഞ്ഞിരുന്നു.
പോലീസാണ് മാനേജരുടെ കോൾ എടുത്തത്. ഇതോടെയാണ് മരിച്ച ആളിനെ തിരിച്ചറിഞ്ഞത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങളായി അഭിഷേകിന് എന്തോ മാനസിക വിഷമമുള്ളതുപോലെ തോന്നിയിരുന്നതായി ഒപ്പമുള്ളവർ പറഞ്ഞു.
മാനേജരുൾപ്പെടെ മറ്റ് അഞ്ചുപേരാണ് അഭിഷേകിനൊപ്പം കാഞ്ഞങ്ങാട്ടെത്തിയിരുന്നത്. വിവരമറിഞ്ഞ് ഷൊർണൂരിൽ നിന്ന് ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.
National
വിശാഖപട്ടണം: കാമുകിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജില് സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥന് അറസ്റ്റില്.
നാവികസേനയിലെ ടെക്നീഷ്യനും വിഴിയനഗരം ജില്ലയിലെ രാജാം സ്വദേശിയുമായ വീന്ദ്ര(30)യാണ് കാമുകി മൗനിക (28)യെ അരുംകൊല ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
കൃത്യം നടത്തിയശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വിശാഖപട്ടണം നഗരത്തിലെ ഗാജുവാക പോലീസ് സ്റ്റേഷൻ പരിധിയിലെ എൽവി നഗറിലുള്ള വസതിയില് ഒളിപ്പിച്ചനിലയിൽ മൃതദേഹാവശിഷ്ടങ്ങള് കണ്ടെടുത്തു.
റഫ്രിജറേറ്ററിൽനിന്നും ഒരു ബാഗില്നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന്റെ കുറച്ചുഭാഗങ്ങൾ പ്രതി കത്തിച്ചതായും പോലീസ് സംശയിക്കുന്നു.
ഞായറാഴ്ച ഭാര്യ സ്വന്തം വീട്ടിലേക്കു പോയ സമയം രവീന്ദ്ര കാമുകിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് ഇവർ തമ്മിൽ ഉടലെടുത്ത ചില വാക്കുതർക്കങ്ങൾ കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
2021ൽ ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയും നിരന്തരം പാര്ക്കിലും തിയേറ്ററിലുമെല്ലാം കണ്ടുമുട്ടുകയും ചെയ്തിരുന്നു.
മൗനിക തന്നോട് 3.5 ലക്ഷം രൂപ വാങ്ങിയെന്നും പലപ്പോഴും തങ്ങളുടെ ബന്ധം ഭാര്യയോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതാണ് കൊലപ്പെടുത്താനുണ്ടായ കാരണമെന്നും രവീന്ദ്ര പോലീസിനോട് പറഞ്ഞു.
Viral
വീസ്ബാഡൻ: തന്റെ പ്രണയിനിയെ സ്കൂളിലെത്തിക്കാൻ ഒരു കൗമാരക്കാരൻ നടത്തിയ അതിസാഹസം ഒരു നാടിനെത്തന്നെ മുൾമുനയിലാക്കി. പതിനാലുകാരിയായ കാമുകി ബസ് കാത്തുനിന്നു കയറി വിഷമിക്കേണ്ടെന്നു കരുതിയാകും അവളെ സ്കൂളിലെത്തിക്കാൻ ഒരു ബസ് തന്നെ പയ്യൻ കൊണ്ടുവന്നു. കാമുകൻ കൊണ്ടുവന്ന ബസിൽ അവൾ കയറി.
പിന്നെ ഒരു പറക്കലായിരുന്നു വീസ്ബാഡനിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള കാൾസ്റൂഹെയിലേക്ക്. തിരക്കേറിയ റോഡിലൂടെ ബസുമായി ഇരുവരും പോയത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. മയിൻസ് സ്വദേശിയായ പതിനഞ്ചുകാരനായിരുന്നു കഥയിലെ നായകൻ.
വെള്ളിയാഴ്ച പുലർച്ചെ വീസ്ബാഡനിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയുടെ ഡിപ്പോയിൽനിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഇന്ധനം പൂർണമായും നിറച്ചിരുന്ന ബസ് കാണാതായത് രാവിലെ ആറോടെയാണ് കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
എന്നാൽ, പതിവായി എത്തുന്ന ഡ്രൈവർമാരിൽ ആരെങ്കിലും മാറി കൊണ്ടുപോയതാകാമെന്ന നിഗമനത്തിലായിരുന്ന അധികൃതർ. എന്നാൽ, ഉച്ചയായിട്ടും ബസിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ പന്തുകേടു തോന്നിയ അധികൃതർ പോലീസിനെ അറിയിച്ചു. അപ്പോഴേക്കും കാൾസ്റൂഹെ പോലീസ് പട്രോളിംഗ് സംഘം ബസ് കണ്ടെത്തിയിരുന്നതായി ഡോയ്ഷെ വെല്ലെ റിപ്പോർട്ട് ചെയ്തു.
ബലപ്രയോഗം കൂടാതെ വാതിൽ തുറന്ന കുട്ടി, ഒരു മാസ്റ്റർ കീ ഉപയോഗിച്ചാണ് വണ്ടി സ്റ്റാർട്ട് ചെയ്തതെന്നു പറയുന്നു. 14 വയസുകാരിയായ കാമുകിയെ കാൾസ്റൂഹെയിലുള്ള സ്കൂളിൽ എത്തിക്കുന്നതിനൊപ്പം കാമുകിക്കൊരു സർപ്രൈസ് കൊടുക്കുക എന്ന ലക്ഷ്യവും പയ്യനുണ്ടായിരുന്നു.
പെൺകുട്ടി യാത്രയിലുടനീളം ഒപ്പമുണ്ടായിരുന്നെന്നും 150 കിലോമീറ്ററോളമാണ് കുട്ടി ബസ് ഓടിച്ചെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബസ് കേടുപാടുകൾ കൂടാതെ അധികൃതർക്കു കൈമാറി. ലൈസൻസില്ലാതെ വണ്ടിയോടിച്ചതിനും മോഷണത്തിനും കൗമാരക്കാരനെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയെ പിന്നീടു രക്ഷിതാക്കൾക്കു വിട്ടുനൽകി.
NRI
ബെർലിൻ: മധ്യ ജർമനിയിലെ ഹെസെ സംസ്ഥാനത്തിലെ വീസ്ബാഡൻ നഗരത്തിൽ നിന്ന് 15 വയസുകാരൻ പൊതുഗതാഗത ബസ് മോഷ്ടിച്ച് കടന്നുകളഞ്ഞു. തന്റെ 14 വയസുകാരിയായ കാമുകിയെയും ഒപ്പം കൂട്ടിയാണ് കൗമാരക്കാരൻ 150 കിലോമീറ്റർ ദൂരം ബസ് ഓടിച്ച് മറ്റൊരു സംസ്ഥാനമായ ബാഡൻ-വുർട്ടെംബർഗിലെ കാൾസ്റൂഹെയിൽ എത്തിയത്.
വെള്ളിയാഴ്ച രാവിലെ വൈസ്ബാഡനിലെ ബസ് ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഇന്ധനം നിറച്ച ബസാണ് കുട്ടി കടത്തിയത്. ബസുകളുടെ മാസ്റ്റർ കീ ഉപയോഗിച്ചാണ് പത്താം ക്ലാസുകാരൻ വണ്ടി സ്റ്റാർട്ട് ചെയ്തത്.
ഇത്രയും ദൂരം പിന്നിട്ട ബസ് കാൾസ്റൂഹെയിൽ വച്ച് പോലീസ് പട്രോളിംഗ് സംഘം തടയുകയായിരുന്നു. പരിശോധനയിലാണ് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് 15 വയസുകാരനാണെന്ന് കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയത്.
രാവിലെ തന്നെ ബസ് ഡിപ്പോയിൽ നിന്ന് കാണാതായ വിവരം ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഏതെങ്കിലും ഡ്രൈവർ മാറി എടുത്തതാകാം എന്ന നിഗമനത്തിലായിരുന്നു അധികൃതർ. ഉച്ചയോടെയാണ് ബസ് മോഷ്ടിക്കപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതും പോലീസിൽ വിവരമറിയിച്ചതും.
ബസിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബസ് തിരികെ ഡിപ്പോയിൽ എത്തിച്ചു. കസ്റ്റഡിയിലെടുത്ത 15 വയസുകാരനെ മാതാപിതാക്കളെ ഏൽപ്പിച്ചു.
ലൈസൻസില്ലാതെ വണ്ടിയോടിച്ചതിനും മോഷണത്തിനും കുട്ടിക്ക് എതിരേ ക്രിമിനൽ നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുട്ടിക്ക് മാസ്റ്റർ കീ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
International
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയാത്തലവൻ നെമെസിയോ റൂബൻ ഒസെഗുരയെ (എൽ മെൻചോ) വധിച്ചത് കാമുകിമാരിൽ ഒരാളുടെ നീക്കങ്ങൾ മനസിലാക്കി. ഈ കാമുകിയുടെ നീക്കം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തിയെടുത്ത് മെക്സിക്കൻ സൈന്യത്തിനു കൈമാറുകയായിരുന്നു.
കാമുകിയുടെ നീക്കങ്ങളിലൂടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പടിഞ്ഞാറൻ സംസ്ഥാനമായ ജാലിസ്കോയിലെ പർവതടൗണായ തപാൽപയിൽ വനത്തോടു ചേർന്നുള്ള നെമെസിയോ റൂബന്റെ താവളം തിരിച്ചറിഞ്ഞത്. താവളം മനസിലാക്കിയതോടെ ആർമിയും നാഷണൽ ഗാർഡ് യൂണിറ്റകളും ചേർന്നു പ്രദേശം വളയുകയായിരുന്നു. അതേസമയം, കാമുകിതന്നെ വിവരം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ അറിയിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
റൂബൻ ഒസെഗുരയുടെ മരണത്തെത്തുടർന്നുണ്ടായ സംഘർഷങ്ങളിൽ 27 സുരക്ഷാസൈനികരും 46 ക്രിമിനലുകളും ഒരു സിവിലിയനും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് രാജ്യത്തെ 20 സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട സംഘർഷാവസ്ഥ നിയന്ത്രിക്കാനായി 10,000ത്തോളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.
‘എൽ മെൻചോ’ എന്നറിയപ്പെടുന്ന റൂബൻ ഒസെഗുരയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 150 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലേക്ക് ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ എന്നിവ കടത്തുന്നതിലെ പ്രധാനിയായിരുന്നു റൂബൻ ഒസെഗുര . പോലീസിനെതിരേ ആക്രമണങ്ങൾ നടത്തുന്നതിലും കുപ്രസിദ്ധനായിരുന്നു.
National
പലാമു: ജാർഖണ്ഡിലെ പലാമു ജില്ലയിൽ 22 വയസ്സുകാരനായ ദളിത് യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തി. ട്രാക്ടർ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണമെങ്കിലും, തന്റെ പ്രണയിനിയെ കാണാനെത്തിയ യുവാവിനെ പിടികൂടി വ്യാജ ആരോപണം ഉന്നയിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു.
കൊല്ലപ്പെട്ട പവൻ റാം എന്ന യുവാവിന്റെ പക്കൽ നിന്ന് മോഷണം പോയെന്നു പറയുന്ന ബാറ്ററിയോ മറ്റ് സാധനങ്ങളോ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് മോഷണാരോപണം ഒരു മറ മാത്രമാണെന്ന സംശയം ബലപ്പെട്ടത്. യുവാവ് ഒരു പെൺകുട്ടിയെ കാണാൻ എത്തിയതാണെന്നും ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ പിടികൂടി മർദ്ദിച്ചതാകാമെന്നും പാലമു എസ്പി രേഷ്മ രമേശൻ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
ശനിയാഴ്ച രാത്രി തെലിയാഹി ഗ്രാമത്തിൽ വെച്ച് യുവാവിനെ കെട്ടിയിട്ട് വടികളും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൾക്കൂട്ടക്കൊലപാതകത്തിന് കേസെടുത്ത പോലീസ് ഒരു പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
Movies
കാമുകി ഗൗരി സ്പ്രാത്തിനെ മനസുകൊണ്ട് വിവാഹം ചെയ്തു കഴിഞ്ഞെന്നും ഔദ്യോഗികമായി വിവാഹം വിവാഹം ചെയ്യണോ എന്നത് ആലോചിക്കുകയാണെന്നും നടൻ ആമിർ ഖാൻ. 25 വർഷമായി തനിക്ക് അറിയാവുന്ന വ്യക്തിയാണ് ഗൗരിയെന്നും മുബൈയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതായും ആമിർ ഖാൻ പറഞ്ഞു.
തന്റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിർ ഖാൻ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞു.
ഗൗരിയും ആമിർ ഖാനും പൊതുവിടങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകള് വന്നത്. ഇതോടെ തന്റെ അറുപതാം ജന്മദിനത്തിൽ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര് പറയുകയായിരുന്നു.
ബംഗളൂരു സ്വദേശിയായ ഗൗരി മുംബൈയിൽ സലൂണ് ഉടമയാണ്. ബംഗളൂരുവിലായിരുന്നു ഗൗരി താമസിച്ചിരുന്നത്. ഗൗരിയെ കാണാൻ ബംഗളൂരുവിൽ പോയി വരാറുണ്ടായിരുന്നു എന്നും അമിർ പറഞ്ഞിരുന്നു.
സിനിമ മേഖലയ്ക്ക് പുറത്തുള്ള ഒരാളുമായി ആമിർ പ്രണയത്തിലാണ് എന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ആമിര് ഖാന്റെ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഗൗരി. ആറുവയസുള്ള മകനും ഗൗരിക്ക് ഉണ്ട്.
രണ്ടുതവണ വിവാഹം ചെയ്തയാളാണ് ആമിർ ഖാൻ. 1986ൽ റീന ദത്തയെയും 2005ൽ സംവിധായിക കിരൺ റാവുവിനെയും വിവാഹം ചെയ്തിരുന്നു.
മുൻഭാര്യമാരായ റീന ദത്തയും കിരൺറാവുവുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും അവരെ ബഹുമാനിക്കുന്നെന്നും അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു.
Kerala
പത്തനംതിട്ട: പ്രണയിനിയെ സ്വന്തമാക്കാന് വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനും സുഹൃത്തും കുടുങ്ങിയത് യുവതിയുടെയും പോലീസിന്റെയും സംശയത്തിൽ.
കോന്നി മാമ്മൂട് സ്വദേശിയായ രാജിഭവനില് രഞ്ജിത്ത് രാജന് (24), കോന്നിതാഴം പയ്യനാമണ് സ്വദേശിയായ താഴത്ത്പറമ്പില് വീട്ടില് അജാസ് (19) എന്നിവരാണ് വധശ്രമക്കേസിൽ അറസ്റ്റിലായത്.
ഒന്നാം പ്രതിയുടെ പ്രണയിനിയായിരുന്ന യുവതിയും യുവാവുമായി ചെറിയ പിണക്കത്തിലായിരുന്നു. ഈ പിണക്കം മാറ്റി യുവതിയുടെ പ്രീതി പിടിച്ചുപറ്റാനാണ് രഞ്ജിത് സുഹൃത്തായ അജാസുമായി കൂടിയാലോചന നടത്തിയത്.
യുവതിയെ വാഹനാപകടത്തിൽപ്പെടുത്തിയ ശേഷം രക്ഷിക്കാൻ ഇടപെടുകയും അതുവഴി യുവതിയുടെ അനുകമ്പ പിടിച്ചുപറ്റുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഇടിച്ച വാഹനം നിർത്താതെ കൊണ്ടുപോയതോടെയാണ് പദ്ധതി പാളിയത്.
കഥ പൊളിഞ്ഞപ്പോൾ
യുവതി നിർത്താതെ പോയ വാഹനത്തിനെതിരേ പരാതി നൽകിയതോടെ കാമുകനും കൂട്ടുകാരനും പെട്ടു. പോലീസിനും തോന്നിയ സംശയത്തിൽ അന്വേഷണം മുറുകി.
വാഹനാപകടത്തില്പെടുത്തിയ ശേഷം അപകടസ്ഥലത്ത് രക്ഷകനായെത്തി യുവതിയുടെ കുടുംബത്തിന്റെ പ്രതീ പിടിച്ചുപറ്റി യുവതിയെ സ്വന്തമാക്കുന്നതിനു വേണ്ടി പ്രതികള് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ അപകടമാണെന്ന് അന്വേഷണത്തില് കണ്ടെത്തി.
കഴിഞ്ഞ ഡിസംബര് 23 ന് വൈകുന്നേരം 5.30 ഓടെ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് അടൂരില്നിന്നു സ്കൂട്ടറില് പോകുകയായിരുന്ന യുവതിയെ രഞ്ജിത്തിന്റെ നിര്ദേശപ്രകാരം അജാസ് കാറില് പിന്തുടരുകയും വാഴമുട്ടം ഈസ്റ്റില് സ്കൂട്ടറിന്റെ പിന്നിലിടിച്ചു വീഴ്ത്തിയ ശേഷം വണ്ടി നിര്ത്താതെ ഓടിച്ചു പോകുകയായിരുന്നു.
പിന്നാലെ ഇന്നോവ കാറില് സ്ഥലത്തേക്ക് എത്തിയ രഞ്ജിത് യുവതിയുടെ ഭര്ത്താവാണെന്ന് അപകടസ്ഥലത്തെത്തിയ ആള്ക്കാരെ തെറ്റിദ്ധരിപ്പിച്ച ശേഷം യുവതിയെ കാറില് കയറ്റി കോന്നി ബിലീവേഴ്സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നരഹത്യാക്കേസ്
സംഭവത്തില് യുവതിയുടെ വലതുകൈക്കുഴയ്ക്കു സ്ഥാനഭ്രംശവും ചെറുവിരലിനു പൊട്ടലും ശരീരത്തിന്റെ പലഭാഗത്തും ഉരവും മുറിവും പറ്റിയിരുന്നു. യുവതിയുടെ മൊഴി പ്രകാരം സംഭവത്തിനു വാഹനാപകടക്കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവത്തിന്റെ ചുരുള് അഴിയുന്നത്.
കൃത്യസമയത്ത് രക്ഷകനായി കാമുകൻ സ്ഥലത്ത് എത്തിയതും പോലീസിനു സംശയത്തിന് ഇട നൽകിയിരുന്നു. സിസിടിവികൾ പരിശോധിച്ച് ഇടിച്ച വാഹനം പോലീസ് കണ്ടെത്തുകയായിരുന്നു.
തുടര്ന്നു ചോദ്യം ചെയ്യൽ നടന്നതോടെ കഥ പുറത്തുവന്നു. നരഹത്യാശ്രമത്തിനുള്ള വകുപ്പ് ചേര്ക്കുകയായിരുന്നു. യുവതിയുടെയും കുടുംബത്തിന്റെയും സ്നേഹം പിടിച്ചുപറ്റാൻ നടത്തിയ നാടകം ഇപ്പോൾ കാമകനു വൻ നാണക്കേടായി ഭവിച്ചിരിക്കുകയാണ്.
പത്തനംതിട്ട പോലീസ് സബ് ഇന്സ്പെക്ടര് അലക്സ്കുട്ടിയാണ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തിവരുന്നത്.
National
ഗാന്ധിനഗർ: ഗുജറാത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴൽക്കിണറിലെറിഞ്ഞു. പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നഖത്രാന സ്വദേശി രമേഷ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇയാളുടെ സുഹൃത്ത് കിഷോറിനെ (19) പോലീസ് അറസ്റ്റ് ചെയ്തു. നഖത്രാനയിലെ ഗ്രാമത്തിൽ നിന്നുള്ള രമേഷിനെ ഡിസംബർ രണ്ട് മുതൽ കാണാനില്ലായിരുന്നു. തുടർന്ന് രമേഷിന്റെ സഹോദരൻ പോലീസിൽ നൽകിയ പരാതിയിൽ കിഷോറിനെ പോലീസ് ചോദ്യം ചെയ്തു. ഇയാളുടെ സംസാരത്തിൽ സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് കൊലപാതകമെന്നും കിഷോർ പൊലീസിനോട് പറഞ്ഞു. വിവാഹിതയായ യുവതിയുമായി ഏതാനും നാളുകളായി രമേഷ് അടുപ്പത്തിലായിരുന്നു. ഇതേ യുവതിക്ക് കിഷോർ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയയ്ക്കുകയും താനുമായി സൗഹൃദത്തിലാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഇക്കാര്യം യുവതി രമേഷിനെ അറിയിച്ചതോടെ കിഷോറും രമേഷും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിലാണ് കിഷോർ രമേഷിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
National
റാഞ്ചി: കാമുകിക്കൊപ്പം കണ്ട സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട് ഭാര്യ. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം.
മഴിയവാൻ സർക്കിൾ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഭാര്യ ഡോ. ശ്യാമ റാണി പൂട്ടിയിട്ടത്. തന്നെ തുറന്നുവിടണമെന്ന് വീടിനുള്ളിൽ നിന്ന് ഉദ്യോഗസ്ഥൻ ഭാര്യയോട് അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ശ്യാമയ്ക്ക് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് നവംബർ ഒന്നിന് പുലർച്ചെ നാലരയോടെ ശ്യാമ റാണി ക്വാർട്ടേഴ്സിലെത്തിയത്. അപ്പോഴാണ് മറ്റൊരു യുവതിക്കൊപ്പം ഇയാളെ കണ്ടെത്തുന്നത്.
പിന്നാലെ ബഹളമായി. പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് മഴിയവാൻ പോലീസ് സ്ഥലത്തെത്തി. ഇതിനിടെ പ്രമോദ് മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിസാര പരിക്കേറ്റു.
വീടിനുള്ളിൽ കണ്ടെത്തിയ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിറെ ഈ ബന്ധത്തെക്കുറിച്ച് വളരെക്കാലമായി തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് ശ്യാമ റാണി മാധ്യമങ്ങളോട് പറഞ്ഞു. നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.